പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം

By Desk Reporter, Malabar News
Opposition doing drama;Government
കേന്ദ്രമന്ത്രി പിയുഷ്‌ ഗോയൽ

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതിപക്ഷത്തെ പഴിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷം നാടകം കളിക്കുകയാണ്. ജനാധിപത്യത്തെ അപമാനിക്കുകയാണ്. പാർലമെന്ററി സുരക്ഷയുടെ ഭാഗമല്ലാത്ത, പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നുവെന്ന തെറ്റായ വിവരങ്ങൾ പ്രതിപക്ഷം പങ്കുവെക്കുകയാണ്,”- കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

12 വനിതാ മാർഷലുകളും 18 പുരുഷ മാർഷലുകളും അവിടെ ഉണ്ടായിരുന്നു. അവർ പുറത്തു നിന്നുള്ളവരല്ല. അവരുടെ കണക്കുകൾ തെറ്റാണ്. പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. കോൺഗ്രസിലെ രണ്ട് എംപിമാർ വനിതാ മാർഷലിനെ കൈകാര്യം ചെയ്‌ത രീതിയും അവർ പുരുഷ മാർഷലിന്റെ കഴുത്തിൽ പിടിച്ച് തള്ളിയതും ലജ്ജാകരമാണ്; അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പെരുമാറ്റം സഭക്ക് അപകീർത്തി വരുത്തി. വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തി അവർ ചെയർമാന്റെ അന്തസിനെ വ്രണപ്പെടുത്തി. സഭയുടെ മേശപ്പുറത്ത് കയറി അവർ വെറുപ്പുളവാക്കുന്ന കാര്യങ്ങൾ ചെയ്‌തു. ഇതിലെല്ലാം മാപ്പ് പറയുന്നത് പോയിട്ട് ഇതെല്ലാം വീണ്ടും ആവർത്തിക്കും എന്നാണ് അവർ പറയുന്നത്. രാജ്യത്തെ യുവാക്കളും മറ്റ് ജനങ്ങളും പാർലമെന്റ് ജനാധിപത്യത്തെ കുറിച്ച് എന്താണ് മനസിലാക്കേണ്ടത് എന്നതിൽ പ്രതിപക്ഷം ഒരു ചോദ്യചിഹ്‌നം ആവുകയാണ്. എന്താണ് ചർച്ച ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു പാർടിക്ക് ഒരു വിഷയം ചർച്ച ചെയ്യണം, മറ്റൊരു പാർടിക്ക് വേറെ ഒന്നാണ് വേണ്ടത്; പീയുഷ് ഗോയൽ പറഞ്ഞു.

“ജനങ്ങൾ അവരുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനായി കാത്തിരിക്കുന്നു. അതേസമയം പ്രതിപക്ഷം അരാജകത്വം അജണ്ടയാക്കുന്നു. ജനങ്ങളുടെ കാര്യത്തിൽ അവർ ശ്രദ്ധിച്ചില്ല. സംഭവിച്ചത് അപലപനീയമാണ്. മുതലക്കണ്ണീർ ഒഴുക്കുന്നതിനുപകരം അവർ രാജ്യത്തോട് മാപ്പ് പറയണം, ”- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബുധനാഴ്‌ച പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബിൽ പാസാക്കിയെടുക്കുന്ന സമയത്ത് മാര്‍ഷലുകളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞുവെന്നാണ് പ്രതിപക്ഷം പറയുന്നത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരിക്കലും ഇത്തരത്തില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് ഒരു ബിൽ പാസാക്കിയിട്ടില്ലെന്നും ആദ്യമായാണ് രാജ്യസഭയിൽ എംപിമാരെ തല്ലുകയും തള്ളുകയും ചെയ്യുന്നത് എന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ സുരക്ഷാ ജീവനക്കാർ അല്ലാത്തവർ രാജ്യസഭയിൽ കയറിയിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Most Read:  ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE