കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചി കുഫോസിലെ(കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്) വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും ഗവർണർ വ്യക്‌തമാക്കി.
പരസ്യങ്ങളിൽ വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു.
നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്‍ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കും; ഗവർണർ പറഞ്ഞു.
അതേസമയം കുഫോസിൽ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ സ്‍ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവർണർക്ക് കൈമാറി. സ്‌ത്രീധനത്തിനെതിരെ നിലപാടെടുത്ത വിദ്യാർഥികളെ ഗവർണർ അഭിനന്ദിച്ചു. വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു.
നേരത്തേയും സ്‍ത്രീധനത്തിനെതിരെ ഗവർണർ ശക്‌തമായ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. സ്‍ത്രീധനത്തിനെതിരെ ബോധവൽക്കരണം എന്ന നിലയിൽ നടത്തിയ ഉപവാസത്തിലും ഗവർണർ പങ്കെടുത്തിരുന്നു.
Most Read: കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; ഹരജികൾ ഹൈക്കോടതി തള്ളി