ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ പുതിയ ശക്‌തികേന്ദ്രമായ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂർ സന്ദർശിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ. 10 പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച് 15 എംപിമാരാണ് ഇന്ന് ഗാസിപൂരിൽ എത്തിയത്.
എന്നാൽ, ബാരിക്കേഡ് മറികടന്ന് കർഷകരുടെ അടുത്തേക്ക് പോകാൻ അനുവദിക്കാതെ ഡെൽഹി പോലീസ് എംപിമാരെ തടഞ്ഞു. ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ, നാഷണൽ കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) എംപി സുപ്രിയ സുലെ, ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് എന്നിവർ ഉൾപ്പടെയുള്ള സംഘം ബസിലാണ് ഗാസിപൂരിലേക്ക് പോയത്.
“ഗാസിപൂർ അതിർത്തിയിൽ കർഷകർക്ക് എതിരെ സുരക്ഷാ സേന ഒരുക്കിയ സന്നാഹം കണ്ട് ഞെട്ടിപോയി. കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികളും കെട്ടി കർഷകരെ തടഞ്ഞിരുന്നു. ആംബുലൻസുകൾക്കും അഗ്‌നിശമന സേനകൾക്കും പോലും പ്രതിഷേധ സ്‌ഥലത്ത് പ്രവേശിക്കാൻ കഴിയില്ല,”- ഹർസിമ്രത് കൗർ ബാദൽ ട്വീറ്റ് ചെയ്‌തു.
“പാർലമെന്റിൽ ഈ വിഷയം (കർഷകരുടെ പ്രതിഷേധം) ശക്‌തമായി ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങൾ ഇവിടെ എത്തിയത്. പ്രശ്‌നം ഉന്നയിക്കാൻ സ്‌പീക്കർ ഞങ്ങളെ അനുവദിക്കുന്നില്ല. ഇപ്പോൾ എല്ലാ പാർട്ടികളും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വിശദമായ വിവരം നൽകും, ”- ഹർസിമ്രത് കൗർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Also Read: ട്രാക്‌ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക രാംപൂരിലേക്ക്