മഞ്ചേരി: ഓക്‌സിജൻ പ്‌ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്‌സിജൻ (എൽപിഎം) ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റിന്റെ പണി യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനാണ് നീക്കം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് മഞ്ചേരി, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്‌ളാന്റ് നിർമിക്കുന്നത്. ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജ് അധികൃതരുടെ മേൽനോട്ടത്തിൽ സ്‌ഥല നിർണയം നടത്തി.
പഴയ ടിബി കെട്ടിടത്തിന് സമീപമാണ് പ്‌ളാന്റ് ഉയരുക. ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പ്‌ളാന്റിന്റെ നിർമാണച്ചുമതല. മഞ്ചേരി പ്‌ളാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഓക്‌സിജൻ ഗുണപരിശോധനക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനു പുറമേ, മറ്റ് ചികിൽസാ കേന്ദ്രങ്ങളിലേക്കും നൽകാൻ കഴിയും.