മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി

By Desk Reporter, Malabar News
pegasus phone leak should be investigated- john brittas
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായുള്ള നയം പുതുക്കണം. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നയ സമീപനമാണ് സ്വീകരിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്‌ടിക്കാതിരിക്കാന്‍ എല്ലാം നേരത്തെ തന്നെ കരുതി വെക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

“കോവിഡിന്റെ മൂന്നാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനായി ഇന്നു തന്നെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊള്ളുക. മൂന്നാം തരംഗത്തില്‍ കുട്ടികളെയും കാര്യമായി ബാധിച്ചേക്കാം. കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പുവരുത്തണം. അടിസ്‌ഥാന സൗകര്യങ്ങള്‍ മൂന്നാം തരംഗവും മുന്നില്‍ കണ്ടുകൊണ്ട് നടത്തണം. മൂന്നാം തരംഗത്തിനെ നേരിടാനുള്ള നയ രൂപീകരണത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന് കേന്ദ്രമായിരിക്കും ഉത്തരവാദികള്‍. ആ ഉത്തരവാദിത്തം കേന്ദ്രം തന്നെ നിറവേറ്റേണ്ടി വരും,”- സുപ്രീം കോടതി താക്കീത് നൽകി.

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്‌ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒന്നര ലക്ഷത്തോളം ഡോക്‌ടർമാരും രണ്ടര ലക്ഷത്തോളം നഴ്‌സുമാരും അവരുടെ വീടുകളിലുണ്ട്. കോവിഡ് മൂന്നാം തരംഗത്തിൽ അവരുടെ സേവനങ്ങൾ നിർണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓക്‌സിജൻ വിതരണത്തിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്‌ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹരജിയിൽ തുടർനടപടികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

730 മെട്രിക് ടൺ ഓക്‌സിജൻ ഡെൽഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്രത്തിന്റെ വിതരണം ഏകപക്ഷീയമാണെന്ന് ഡെൽഹി സർക്കാർ ആരോപിച്ചു.

അതേസമയം, ഡെൽഹിക്ക് ആവശ്യമായ ഓക്‌സിജൻ നൽകാൻ കേന്ദ്രസർക്കാർ നിശ്‌ചയിച്ച മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഐസിയു കിടക്കകളും ആശുപത്രിയിലെ രോഗികളെയും മാത്രം അടിസ്‌ഥാനമാക്കിയാണ് കേന്ദ്ര മാനദണ്ഡം. ഡെൽഹിയിലെ വീടുകളിൽ ചികിൽസയിൽ ഉള്ളവർക്കും ആംബുലൻസുകളിലും ആവശ്യമായ ഓക്‌സിജന്റെ കണക്കുകൾ ഈ മാനദണ്ഡത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read:    ശ്‌മശാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE