പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ക്യാമറ ഇടിച്ചിട്ട വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. പുതുക്കോട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. അപകടം ഉണ്ടാക്കിയ പുതുക്കോട് സ്വദേശിയുടെ ഇന്നോവ ഉപേക്ഷിച്ച സ്‌ഥലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതി മുഹമ്മദുമായി പോലീസ് ഇന്ന് തന്നെ സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തിയേക്കും. ആയക്കാടുള്ള സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് മുഹമ്മദ്. ജൂൺ എട്ടിന് രാത്രി 11 മണിയോടെയാണ് വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും ചെയ്‌തിരുന്നു. നിലത്തുവീണ ക്യാമറയും പോസ്‌റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.
ഇതോടെ സംഭവത്തിൽ ദുരൂഹത ആരോപിച്ചു വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുക ആയിരുന്നു. അതേസമയം, ക്യാമറ നശിപ്പിച്ചതിലേക്ക് നയിച്ച കാരണം പരിശോധിക്കുകയാണ് പോലീസ്. ക്യാമറ നശിപ്പിക്കാൻ ശ്രമിച്ച ഇന്നോവയുടെ ഗ്ളാസ് പൊട്ടിയപ്പോൾ അതിൽ നിന്ന് തിരിച്ചറിഞ്ഞ എഴുത്തിൽ നിന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സിദ്ധാർഥ് എന്ന് പിറകിലെഴുതിയ ഇന്നോവയാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് ചില്ലു കഷ്‌ണങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു.
Most Read: വ്യജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി