‘പത്താൻ’ ബോക്‌സ് ഓഫീസ്‌ കൊടുങ്കാറ്റ്; ആഗോളതലത്തിൽ 235 കോടി കളക്ഷനിൽ

ബോളിവുഡിന്റെ ചരിത്രത്തിൽ ഒരു സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. ഷാരൂഖിന്റെ 'സീറോ' എന്ന ചിത്രം ആകെ നേടിയ തുകയേക്കാൾ കൂടുതലാണ് പത്താൻ വെറും രണ്ടു ദിവസം കൊണ്ട് നേടിയിരിക്കുന്നത്. 'സീറോ' തിയേറ്ററുകളിൽ 193 കോടിയായിരുന്നു നേടിയത്. എന്നാൽ, പത്താൻ ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ വാരിക്കൂട്ടി.

By Trainee Reporter, Malabar News
PATHAN-MOVIE

വിവാദങ്ങൾക്കിടയിലും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ വിജയക്കുതിപ്പ് തുടരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ അയ്യായിരം സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്നടക്കം മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

പത്താന്റെ റിലീസിന് ശേഷം ബോളിവുഡ് ബോക്‌സ് ഓഫിസ് ശരവേഗത്തിൽ കുതിക്കുകയാണ്. പത്താൻ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റാണ് സൃഷ്‌ടിച്ചതെന്ന് തന്നെ പറയാം. ആദ്യ ദിനം മുതൽ പ്രതീക്ഷകൾക്കും അപ്പുറം പ്രേക്ഷകർ സിനിമ ഏറ്റെടുത്തപ്പോൾ ബോളിവുഡിൽ പുതു ചരിത്രം കൂടി കുറിക്കുകയാണ്. നീണ്ട നാളത്തെ ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് സോഷ്യൽ മീഡിയ ഉൾപ്പടെ പറയുന്നത്.

ഇപ്പോളിതാ രണ്ടാം ദിനം ആഗോളതലത്തിൽ 235 കോടി പത്താൻ നേടിയതായി ട്രേഡ് അനലിസ്‌റ്റ് രമേശ് ബാബു ട്വീറ്റ് ചെയ്‌തിരിക്കുകയാണ്. ബോളിവുഡിന്റെ ചരിത്രത്തിൽ ഒരു സിനിമക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. ഷാരൂഖിന്റെ ‘സീറോ’ എന്ന ചിത്രം ആകെ നേടിയ തുകയേക്കാൾ കൂടുതലാണ് പത്താൻ വെറും രണ്ടു ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ‘സീറോ’ തിയേറ്ററുകളിൽ 193 കോടിയായിരുന്നു നേടിയത്. എന്നാൽ, പത്താൻ ആദ്യ ദിനം തന്നെ ആഗോളതലത്തിൽ 100 കോടിക്ക് മുകളിൽ വാരിക്കൂട്ടി.

പിവിആർ, ഐനോക്‌സ്, സിനിപ്‌ളസ് എന്നിവിടങ്ങളിൽ നിന്ന് മാത്രം 32 കോടിയാണ് പത്താൻ നേടിയത്. സിനിമക്ക് തെന്നിന്ത്യയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ ദിനം തമിഴ്‌നാട്ടിൽ നിന്ന് നേടിയത് നാല് കോടി രൂപയാണ്. കേരളത്തിൽ ആദ്യ ദിവസം 1.91 കോടി കളക്ഷൻ നേടിയെന്നാണ് സിനിമ ട്രാക്കേഴ്‌സായ ഫോറം കേരളം ട്വീറ്റ് ചെയ്‌തത്‌.

Pathan-movie-

ഷാരൂഖ് ഖാന്റെയും ജോൺ എബ്രഹാമിന്റെയും സ്‌ക്രീൻ പ്രസൻസും അതിഗംഭീരം ആക്ഷൻ രംഗങ്ങളുമായാണ് പത്താൻ എത്തിയത്. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ കിംഗ് ഖാനൊപ്പം നിറഞ്ഞാടി. സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ നിറം മങ്ങിയ ബോളിവുഡിന്റെ തിരിച്ചുവരവ് പത്താനിലൂടെ സാധിച്ചുവെന്നാണ് ആരാധകരുടെ കമന്റുകൾ.

അതേസമയം, പത്താനിലെ ‘ബേഷരം രംഗ്’ എന്ന ഗാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗാനത്തിലെ ഒരു രംഗത്ത്‌ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള വസ്‌ത്രം ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഈ രംഗങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും, നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പല കോണിൽ നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ചിത്രത്തിനെതിരെ ബോയ്‌കോട്ട് കാമ്പയിനും ആരംഭിച്ചിരുന്നു. എന്നാൽ, ഇതെല്ലം മറികടന്നാണ് പത്താൻ വിജയക്കൊടി പാറിക്കുന്നത്.

Most Read: ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE