കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് സിബിഐ യ്ക്ക് നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വാദം ഒന്‍പത് മാസം മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയുന്നത് വൈകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിധി പറയാന്‍ കോടതി നടപടി വന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയുന്നത്.
2019 സെപ്റ്റംബര്‍ 30 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐ ക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും അന്ന് റദ്ദ് ചെയ്തിരുന്നു. സിബിഐ ക്ക് കൈമാറിയ കേസില്‍ 2019 ഒക്ടോബര്‍ 29 ന് 13 പ്രതികളെ ഉള്‍പ്പെടുത്തി സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലിന്റെ വാദം കഴിഞ്ഞ നവംബര്‍ 16 നു കഴിഞ്ഞെങ്കിലും വിധി പറഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുകയും അന്വേഷണം നിലയ്ക്കുകയും ചെയ്തു. ഇന്നത്തെ ഹൈക്കോടതി വിധിയിലൂടെ കൊലപാതക്കേസിന്റെ മുന്നോട്ട് ഉള്ള ഗതി എന്താകുമെന്ന് അറിയാന്‍ സാധിക്കും.