ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
2023 ജൂണിനും 2024 ജൂലൈക്കും ഇടയിലാണ് ബറേലിക്ക് സമീപമുള്ള ഗ്രാമങ്ങളിൽ കൊലപാതകങ്ങൾ നടന്നത്. ലൈംഗിക താൽപര്യത്തിനായാണ് ഇയാൾ സ്‌ത്രീകളെ സമീപിച്ചിരുന്നത്. തന്റെ താൽപര്യം നിഷേധിക്കുകയോ എതിർപ്പ് രേഖപ്പെടുത്തുകയോ ചെയ്യുന്ന സ്‌ത്രീകൾക്ക് നേരെ ഇയാൾ അക്രമാസക്‌തനാവുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പോലീസ് പറയുന്നു.
എന്നാൽ, ഇരകളായ സ്‌ത്രീകളാരും ലൈംഗികാതിക്രമം നേരിട്ടുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. അതിന് മുൻപേ കൊലപാതകം നടന്നതാണ് കാരണം. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ രണ്ടിന് അനിത എന്ന സ്‌ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് സമഗ്രമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നത്.
ഷാഹി, ഷീഷ്‌ഗഡ്, ഷെർഗഡ് പോലീസ് സ്‌റ്റേഷൻ പരിധികളിലായി എട്ട് സ്‌ത്രീകളാണ് കഴിഞ്ഞവർഷം കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ രീതി പരിശോധിച്ച പോലീസ്, കൃത്യത്തിന് പിന്നിൽ ഒരു പരമ്പരക്കൊലയാളി ആകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം സ്‌ത്രീകളേയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. 45നും 65നുമിടയിൽ പ്രായമുള്ള സ്‌ത്രീകളാണ് കൊല്ലപ്പെട്ടത്.
Most Read| ‘വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ല’; ഹരജി സുപ്രീം കോടതി തള്ളി