ന്യൂഡെൽഹി: സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
കൊല്ലം പാരിപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാരനായിരുന്ന മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ, ആട് ആന്റണിക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തം കഠിനതടവ് ഉൾപ്പടെയുള്ള ശിക്ഷകൾ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നാണ് ആട് ആന്റണി സുപ്രീം കോടതിയെ സമീപിച്ചത്.
2012 ജൂണ്‍ 26ന് പുലര്‍ച്ചെ കൊല്ലം പാരിപ്പള്ളിയിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തിയിരുന്ന പോലീസുകാരനെ ആട് ആന്റണി കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ആട് ആന്റണിയെ മൂന്ന് വര്‍ഷത്തിന് ശേഷം 2015 ഒക്‌ടോബറിൽ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തിന് സമീപത്തു നിന്നാണ് പോലീസ് പിടികൂടിയത്.
നിരവധി മോഷണ കേസുകളിലടക്കം പ്രതിയായ ആട് ആന്റണി ഇരുപതിലേറെ സ്‍ത്രീകളെ വിവാഹം കഴിച്ചിരുന്നു. ഇതിലൊരു ഭാര്യയുടെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. 2016 ജൂലൈ 27ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.
Most Read: കോൺഗ്രസിൽ സീറ്റില്ല; പഞ്ചാബിൽ സ്വതന്ത്രനാവാൻ ചന്നിയുടെ സഹോദരന്‍