പട്ന: ബിഹാറിലെ പട്നയിൽ ഗർഭിണിയായ 24കാരിയെ കൂട്ടബലാൽസംഗം ചെയ്യുകയും അബോധാവസ്ഥയിൽ ആയ യുവതിയെ പട്ന ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ വിശാൽ, അങ്കിത് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി യുവതി വീടിനടുത്ത് നടക്കാൻ ഇറങ്ങിയ സമയത്താണ് സംഭവം. രണ്ട് യുവാക്കൾ യുവതിയോട് മോശമായി പെരുമാറാൻ തുടങ്ങി. പിന്നീട് യുവതിയെ അടുത്തുള്ള പാടത്തേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും മൂന്നാമനെയും വിളിച്ചുവരുത്തി കൂട്ടബലാൽസംഗം ചെയ്യുകയും ആയിരുന്നു. അക്രമത്തെ എതിർത്ത യുവതിയെ മൃഗീയമായി മർദ്ദിച്ചു. ബലാൽസംഗത്തിന് ശേഷം അബോധാവസ്ഥയിലായ യുവതിയെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
പിന്നീട് ബോധം തിരിച്ചു കിട്ടിയ യുവതി ഒച്ച വെക്കുകയും ഇത് കേട്ടെത്തിയെ റയിൽവേ പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തും. നിലവിൽ, മൂന്നാം പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read: അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ



































