ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തുറവൂര്‍ സിഗ്‌നൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം.
ബസ് ജീവനക്കാര്‍ അകാരണമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിനോദിന്റെ പരാതി. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. സിഗ്‌നലിൽ പിക്കപ്പ് വാൻ നിർത്തിയപ്പോൾ ബസ് ഇതിന്റെ കുറുകെ ഇടുകയായിരുന്നു. പിന്നാലെ ബസ് ജീവനക്കാർ പിക്കപ്പിന്റെ ഡോര്‍ തുറന്ന് ഡ്രൈവറെ വലിച്ചിറക്കി നടുറോഡിലിട്ട് മർദ്ദിച്ചു. മറ്റ് യാത്രക്കാര്‍ ഇടപെട്ടാണ് വിനോദിനെ രക്ഷിച്ചത്.
മർദ്ദനത്തിനിടെ തന്റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപ റോഡില്‍ വീണെന്നും ഇത് ബസ് ജീവനക്കാര്‍ കവര്‍ന്നതായും വിനോദ് ആരോപിച്ചു. വിനോദിനെ നടുറോഡിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ കുത്തിയതോട് പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് വിനോദ് പറയുന്നത്. ഡ്രൈവിങ്ങിനിടെ പ്രകോപനപരമായി താന്‍ ഒന്നും ചെയ്‌തിട്ടില്ലെന്നും എന്താണ് മർദ്ദിക്കാൻ കാരണമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ, സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.
Most Read: പ്ളസ് വൺ പ്രവേശനം; ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി