പോപ്പുലര്‍ ഫ്രണ്ട് നിരോധനം; നടപടികള്‍ ആരംഭിച്ച് കേന്ദ്രം

എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യവ്യാപക റെയ്‌ഡ്‌. റെയ്‌ഡിനായി മൂന്നു മാസം മുൻപേ ഏജൻസികൾ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഒരാഴ്‌ച മുൻപേ റെയ്‌ഡ്‌ നടത്തേണ്ട ഇടങ്ങൾ എൻഐഎ നിരീക്ഷിച്ചിരുന്നു.

By Central Desk, Malabar News
Prohibition of Popular Front; Center started the process

ന്യൂഡെൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യെ രാജ്യത്തുടനീളം നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35ആം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക.

കേരളത്തിലെ എൻഡിഎഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് ‘മത കാരുണ്യ സംഘടന’ എന്ന നിലയിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 22 നവംബർ 2006ൽ രൂപീകരിച്ചത്. ഇതിന്റെ പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ട്.

കുറച്ച് വര്‍ഷങ്ങളായി സംഘടനക്ക് എതിരെ ശക്‌തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് വിവരം. സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎയുടെ അന്വേഷണം നടന്നിരുന്നത്. ഇഡി കഴിഞ്ഞ 6 വർഷമായി ഇവരുടെ ഓരോ സാമ്പത്തിക ഇടപാടുകളും ഫോളോ ചെയ്‌തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളില്‍ 60 കോടി രൂപയുടെ സംശയാസ്‌പദ ഇടപാടുകള്‍ കണ്ടെത്തിയതായി ഇഡിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹവാല വഴി പിഎഫ്‌ഐയിലേക്ക് പണം വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു.

നിരോധനത്തിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ട്. നിരോധനത്തെ കോടതിയിലും മറ്റും പോപ്പുലര്‍ ഫ്രണ്ട് ചോദ്യം ചെയ്യാനുള്ള സാധ്യത മുൻകൂട്ടികണ്ട് അതിനെ നേരിടാനുള്ള തെളിവുകൾ ശേഖരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു രാജ്യവ്യാപക റെയ്‌ഡ്‌ എന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. റെയ്‌ഡിൽ ലഭ്യമായ തെളിവുകൾ ശേഖരിച്ച് ഇതിനുള്ള തയാറെടുപ്പുകൾ നടത്തി വരികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്‌ഥര്‍.

ഈ മാസം 22ന് 15 സംസ്‌ഥാനങ്ങളിൽ നടന്ന റെയ്‌ഡിൽ സംഘടന, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടതിന് ശക്‌തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അവകാശവാദം. റെയ്‌ഡ്‌ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും എന്‍ഐഎ മേധാവിയുമായും കൂടികാഴ്‌ച നടത്തിയിരുന്നു. ഇതില്‍ പിഎഫ്‌ഐക്കെതിരെ ശേഖരിച്ച വസ്‌തുതകൾ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.

Most Read: സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE