തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്‌ഥാനത്ത് 178 ക്യാംപുകൾ തുറന്നതായും 5168 പേരെ മാറ്റിപ്പാർപ്പിച്ചതായും മുഖ്യമന്ത്രി. രൂക്ഷമായ മഴക്കെടുതിയിൽ സംസ്‌ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്‌ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്‌ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി, 198 വീടുകൾക്കു ഭാഗിക നാശനഷ്‌ടവുമുണ്ടായി.
മഴക്കെടുതിയിൽ വ്യാഴാഴ്‌ച മൂന്ന് മരണംകൂടി റിപ്പോർട് ചെയ്‌തു. സംസ്‌ഥാനത്തുടനീളം മഴക്കെടുതിയിൽ ആകെ 15 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യതാ പ്രവചനപ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read Also: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം