ഡെല്‍ഹി: മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സാധുവായ പിയുസി(പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍)സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര്‍സി അടുത്തവര്‍ഷം ജനുവരി മുതല്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര തീരുമാനം. കൂടാതെ പിയുസി ഓണ്‍ലൈനില്‍ ആക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
സര്‍ട്ടിഫിക്കറ്റ് സമയപരിധിക്കുള്ളില്‍ തന്നെ പുതുക്കേണ്ടത് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പിയുസി പുതുക്കാന്‍ ഏഴ് ദിവസം കൂടുതല്‍ സമയം അനുവദിക്കും. ഈ സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം പിയുസി സംവിധാനം ഓണ്‍ലൈന്‍ ആക്കുക വഴി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. പിയുസി ഓണ്‍ലൈനില്‍ ആക്കിയാല്‍ വാഹന ഉടമയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന ഡാറ്റാബേസില്‍ ലഭിക്കുകയും ഇത് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് തടയുകയും ചെയ്യും.
Read Also: വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി