കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ ‘ഓപ്പറേഷൻ ഗജ’ വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ നിന്ന് ഓടിക്കുന്ന കാട്ടാനകൾ കർണാടക അതിർത്തിയിൽ എത്തിയാൽ അവിടെനിന്ന് കർണാടക വനംവകുപ്പിന്റെ നേതൃത്വത്തിൽ തലക്കാവേരി വനത്തിലേക്ക് എത്തിക്കാനും ധാരണയായി.
കർണാടക വനത്തിൽ നിന്നെത്തി 30 കിലോമീറ്ററോളം സഞ്ചരിച്ച് ആനകൾ കൃഷി നശിപ്പിക്കുന്ന സാഹചര്യം ഉത്തര മേഖലാ സിസിഎഫ് ഡികെ വിനോദ് കുമാർ വിശദീകരിച്ചു. . ഇതിനു ശാശ്വത പരിഹാരം കാണണമെങ്കിൽ കർണാടക വനംവകുപ്പിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു ഡെപ്യൂട്ടി ഫോറസ്‌റ്റ് കൺസർവേറ്റർ വികെ ദിനേശ് കുമാറാണ് കർണാടകയെ പ്രതിനിധീകരിച്ച് യോഗത്തിന് നേതൃത്വം നൽകിയത്. ദൗത്യത്തിന് പൂർണ സഹകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനകളെ തുരത്താൻ കഴിഞ്ഞ നവംബർ മാസം ഒടുവിലാണ് ഒരാഴ്‌ച നീണ്ട ഓപ്പറേഷൻ ഗജ എന്നു പേരിട്ട ദൗത്യം വനംവകുപ്പ് നടത്തിയത്. ഉത്തരമേഖല സിസിഎഫ് ഡികെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വനപാലകരെ കൂടി പങ്കെടുപ്പിച്ചായിരുന്നു ഓപ്പറേഷൻ.
Also Read: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി