ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് വിപിൻ ലാലും പ്രതികളുമായി നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. വിപിൻ ലാലിന്റെ സംഘവുമായി മൂന്ന് ദിവസം മുൻപ് സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് പ്രതികൾ ഇന്നലെ അർധരാത്രിയോടെ വിപിൻ ലാലിനെ തേടി എത്തിയത്. തുടർന്നുണ്ടായ ആക്രമണത്തിൽ വടിവാള് കൊണ്ടുള്ള വെട്ടേറ്റാണ് വിപിൻ ലാൽ കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി.
പ്രതികളിൽ ഒരാളായ സുജിത്തിനെ പോലീസ് പുലർച്ചെയോടെ അറസ്‌റ്റ് ചെയ്‌തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. വിപിൻ ലാലിൻറെ മൃതദേഹം ചേർത്തല സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി