തിരുവനന്തപുരം: ആധുനിക ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. സ്ളീപ്പർ ബസുകൾ ഉൾപ്പടെ 100 ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലുള്ള ബസുകൾ കേരളപ്പിറവി ദിനത്തിൽ പുറത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 44.64 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
8 സ്ളീപ്പർ, 20 സെമി സ്ളീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എസി തുടങ്ങിയ ബസുകളാണ് സംസ്‌ഥാനത്ത് വാങ്ങാൻ തീരുമാനിച്ചത്. പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിന് സ്ളീപ്പർ ബസുകൾ ഇല്ലെന്ന പോരായ്‌മ പരിഹരിക്കപ്പെടും. കേരളപ്പിറവി ദിനത്തിൽ ആദ്യഘട്ട ബസുകൾ പുറത്തിറക്കി അടുത്ത ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളത്തിന് സ്ളീപ്പർ ബസുകൾ ഇല്ലെന്നത് ഇതുവരെ ഒരു പോരായ്‌മയായി നിലനിൽക്കുകയായിരുന്നു. അതേസമയം തമിഴ്‌നാടിനും കർണാടകയ്‌ക്കും യഥാക്രമം 140, 82 സ്ളീപ്പർ ബസുകൾ നിലവിലുണ്ട്. സംസ്‌ഥാനത്ത് എത്തുന്ന പുതിയ ബസുകളിൽ മികച്ച യാത്രാ സൗകര്യത്തോടൊപ്പം മൊബൈൽ ചാർജിങ് പോയിന്റ്, കൂടുതൽ ലഗേജ് സ്‌പെയ്സ്, വൈഫെ എന്നിവയും ഉണ്ടാകും. നിലവിൽ കേരളത്തിൽ നിന്നും 12 വോൾവോ, 17 സ്‌കാനിയ, 135 സൂപ്പർ ഡീലക്‌സ്, 53 എക്‌സ്‍പ്രസ് ബസുകൾ എന്നിവയാണ് ദീർഘദൂര സർവീസ് നടത്തുന്നത്.
Read also: ബുധനാഴ്‌ച വരെ കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്