തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ സേവനമെന്ന് ഗതാഗത വകുപ്പ് വ്യക്‌തമാക്കി. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ഉത്തരവിറക്കി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്‌റ്റ് 18ന് ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്‌ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും. കൂടാതെ, പത്താംതരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്‌കൂളിൽ തന്നെ പഠിക്കാൻ അവസരവും ഒരുക്കും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് കാന്റീനിൽ സൗജന്യ ഭക്ഷണം എന്നിവയും നൽകും.
നിലവിൽ ഹയർ സെക്കണ്ടറി വരെ മുഴുവൻ വിദ്യാർഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ്. കോളേജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ചു കൺസഷൻ നിരക്കുമുണ്ട്. സ്വകാര്യ ബസുകളിലും കൺസെഷൻ നിരക്കാണുള്ളത്. സംസ്‌ഥാനത്തെ അതിദരിദ്രരെ കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങൾ ഈ വിഭാഗത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയത്.
മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4 % തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്. ഭക്ഷണം, സുരക്ഷിതമായ വാസസ്‌ഥലം, അടിസ്‌ഥാന വരുമാനം, ആരോഗ്യസ്‌ഥിതി എന്നിവ പരിഗണിച്ചാണ് അതിദാരിദ്ര്യം നിർണയിച്ചത്. അഞ്ചുവർഷം കൊണ്ട് സംസ്‌ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Most Read| ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ കുതിച്ചുചാട്ടം- അമ്പെയ്‌ത്തിൽ വനിതകൾക്ക് സ്വർണം