നവാല്‍നിയുടെ സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യ

By Desk Reporter, Malabar News
Russian court outlaws Alexei Navalny groups, labels them 'extremist'

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്‌ഥാപിച്ച സംഘടനകളെ തീവ്രവാദ ലിസ്‌റ്റിൽ ഉൾപ്പെടുത്തി റഷ്യന്‍ കോടതി. ബുധനാഴ്‌ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. ഇനി മുതൽ നവാല്‍നി സ്‌ഥാപിച്ച ഫൗണ്ടേഷന്‍ ഫോര്‍ ഫൈറ്റിംഗ് കറപ്ഷനും റഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടനയുടെ റീജിയണല്‍ ഓഫിസുകള്‍ക്കും സര്‍ക്കാര്‍ സ്‌ഥാപനങ്ങളെ സമീപിക്കാനാവില്ല.

അതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡണ്ട് വ്ളാഡമിര്‍ പുടിനെതിരെയുള്ള വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്ന് നവാല്‍നിയെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെട്ടു.

സംഘനടയെ തീവ്രവാദ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതോടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെയെല്ലാം ഇനി കടുത്ത നിയമനടപടി സ്വീകരിക്കും. സംഘടനയുടെ പ്രവര്‍ത്തകര്‍, ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായം നല്‍കിയവര്‍, സംഘടനയുടെ കുറിപ്പുകളോ പ്രസ്‌താവനകളോ ചിത്രമോ ഓണ്‍ലൈന്‍ പ്ളാറ്റ്‌ഫോമുകളിൽ അടക്കം പങ്കുവച്ചവർ തുടങ്ങി ആര്‍ക്കും വര്‍ഷങ്ങളോളം തടവുശിക്ഷ ലഭിച്ചേക്കാം.

നിലവില്‍ 30 ഗ്രൂപ്പുകളെയാണ് റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഎസ്ഐഎസ്, അല്‍-ഖ്വയ്‌ദ, യഹോവാസ് വിറ്റ്‌നെസ് തുടങ്ങിയവയെയാണ് റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇക്കൂട്ടത്തിലേക്ക് പുടിനെ വിമര്‍ശിക്കുന്നവരെ ഉള്‍പ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

2020 ഓഗസ്‌റ്റിൽ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെ വിഷബാധയേറ്റ അലക്‌സി നവാല്‍നി ആഴ്‌ചകളോളം കോമയിലായിരുന്നു. പിന്നീട് മോസ്‌കോയിലെത്തിയ ഇദ്ദേഹത്തെ ജയിലിലിട്ടു. 2014ലെ തട്ടിപ്പ് കേസിൽ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ശിക്ഷയുടെ വ്യവസ്‌ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌.

റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കവെയാണ് പുടിന്‍ സര്‍ക്കാര്‍ നവാല്‍നിയെ ജയിലില്‍ അടച്ചത്. തുടര്‍ന്ന് നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വലിയ പ്രതിഷേധങ്ങള്‍ നടന്നു. എന്നാൽ, പ്രതിഷേധിച്ചവരെ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താൻ റഷ്യൻ പ്രസിഡണ്ട് ശ്രമിച്ചു.

നവാല്‍നിയെ തടവിലാക്കിയതിനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിനും എതിരെ പുടിനെതിരെ ലോകനേതാക്കള്‍ വരെ രംഗത്തുവന്ന ഘട്ടത്തിലാണ് സംഘടനയെ തീവ്രവാദ ലിസ്‌റ്റിൽപെടുത്തി റഷ്യ രംഗത്തു വന്നിരിക്കുന്നത്.

Most Read:  മുട്ടിൽ മരംകൊള്ള; വ്യാപക കള്ളപ്പണ ഇടപാടെന്ന് നിഗമനം, ഇഡി അന്വേഷിക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE