സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; പരാതിയുമായി ‘വൈറല്‍ ടീച്ചര്‍’ സായി ശ്വേത

By News Desk, Malabar News
MalabarNews_sayi swetha
Representation Image
Ajwa Travels

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ശ്രദ്ധേയയായ സായി ശ്വേതയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കി. മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറപറഞ്ഞാണ്  സായി ശ്വേത സമൂഹ മാധ്യമത്തില്‍ വൈറല്‍ ആകുന്നത്. ഫേസ്ബുക്കിലൂടെയാണ് സായി ശ്വേത ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായി ശ്വേതയുടെ ആരോപണം.

സായി ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

“പ്രിയപ്പെട്ടവരെ,
ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ.

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തത്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫെയ്സ്ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു.

എന്നെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു.

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു.

പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചര്‍”

സായി ശ്വേതയുടെ പോസ്റ്റിനെ തുടര്‍ന്നു അഡ്വ. ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്കിലൂടെ ടീച്ചര്‍ പരമാര്‍ശിച്ചത് തന്റെ ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ച് ആണെന്നും അത് വ്യകതിപരമായ ഒരു  ആക്ഷേപം അല്ലായിരുന്നെന്നും ചൂണ്ടി കാണിച്ചുകൊണ്ടു രംഗത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE