മലപ്പുറം: സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നാളെ വിതരണം ആരംഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെപി മുഹമ്മദ് കുട്ടി പരിപാടിയില്‍ അധ്യക്ഷത വഹിക്കും.
“ആശ്രയമില്ലാതെ ആശയറ്റ് കഴിയുന്നവര്‍ക്ക് എന്നും അത്താണിയായിട്ടുള്ള കെ.എം.സി.സി ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നാളെ പുതിയ ചരിത്രം രേഖപ്പെടുത്തുകയാണ്. ഇതിഹാസതുല്യമായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സൗദി കെ.എം.സി.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നാളെ വിതരണം ചെയ്യുന്നത്” കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെപി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വര്‍ഷത്തില്‍ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങള്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങളും ഉൾപ്പടെ അഞ്ചര കോടിയോളം രൂപയോളമാണ് നാളെ വിതരണം ചെയ്ത് തുടങ്ങുന്നത്; ബന്ധപെട്ടവര്‍ വിശദീകരിച്ചു.
സൗദി മണലാരണ്യത്തില്‍ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുര്‍ബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേര് തിരിവുകള്‍ക്ക് അതീതമായി, കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വര്‍ഷത്തേത് കൂടി ചേരുമ്പോള്‍ അത് ഇരുപത് കോടി രൂപക്ക് മുകളില്‍ വരും; സംഘാടകര്‍ വ്യക്തമാക്കി.
സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരില്‍ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. സുരക്ഷാ പദ്ധതിയുടെ 2021 വര്‍ഷത്തെ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്റ്റോബര്‍ ഒന്നിന് ആരംഭിച്ച്, ഡിസംബര്‍ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയില്‍ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികള്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ കീഴ്ഘടകങ്ങള്‍ മുഖേനെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. Mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗത്വം പുതുക്കുവാന്‍ സാധിക്കുന്നതാണ്.
ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാന്‍ സൗദി കെ എം സി സി കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കലുമായി ഈ നമ്പറില്‍ 8075580007 ബന്ധപ്പെടാവുന്നതാണ്.
Muslim League News: കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; തിരഞ്ഞെടുപ്പ് ചുമതല നല്കി മുസ്ലിം ലീഗ്