ചർമത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് തണുപ്പുകാലം. ചിലർക്ക് ചർമം വരണ്ടു പൊട്ടുകയും, വേദനയും നീറ്റലും അനുഭവപ്പെടുകയും, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്ന സമയമാണിത്. കാര്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ കുറഞ്ഞ അന്തരീക്ഷ താപനിലയും വരണ്ട കാലാവസ്‌ഥയും ചർമാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.
തണുപ്പ് കാലത്ത് ചർമം ആരോഗ്യത്തോടെ നിലനിർത്താൻ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ മതി. പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ചർമം എന്നും ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കും. അത്തരത്തിൽ ശീലമാക്കേണ്ട ചില വിഭവങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. കാരറ്റ്
ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൽ എന്നിവയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. ഇവ ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനൊപ്പം കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം ചർമത്തിന് കൂടുതൽ ബലം നൽകുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. കറിയായും ജ്യൂസ് രൂപത്തിലും കാരറ്റ് കൂടുതലായി ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.
2. ചീര
വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നീ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചീര, ഇത് ചർമത്തെ നീർക്കെട്ടുകളിൽ നിന്നും വൈറസ് അണുബാധയിൽ നിന്നും സംരക്ഷണം നൽകുന്നു.
3. മാതളപ്പഴം
വൈറസ്, ബാക്‌ടീരിയ, ഫംഗസ് ബാധകളിൽ നിന്ന് ചർമത്തിന് സംരക്ഷണം നൽകാൻ മാതളപ്പഴം സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചർമത്തിൽ ഉണ്ടാകുന്ന അസ്വസ്‌ഥതകൾ എന്നിവയെല്ലാം കുറക്കാൻ മാതളപ്പഴം സഹായിക്കുന്നു. കൂടാതെ, ചർമത്തിലെ എണ്ണമയം നിയന്ത്രിക്കുന്നതിനും മാതളപ്പഴം സഹായിക്കുന്നുണ്ട്.
4. ഓറഞ്ച്
തണുപ്പ് കാലത്ത് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയ ഓറഞ്ച് ചർമാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഓറഞ്ച് തൊലിയും മഞ്ഞളും ഉണക്കിപ്പൊടിച്ചു മുഖത്തിടുക. ഇത് മുഖത്തെ പാടുകൾ അകറ്റി തിളക്കം വർധിപ്പിക്കാനും സഹായിക്കും.
5. പേരക്ക
വിറ്റാമിനുകളായ എ, സി, ബീറ്റാകരോട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പന്നമാണ് പേരക്ക. ഇവ ചർമത്തിൽ കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുകയും തിളക്കം കൂട്ടുകയും ചെയ്യുന്നു.
Most Read: കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന