ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും. അതേസമയം, കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്‌ത് വരികയാണ്.
പുതുവൽസര ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്‌ക് ഉപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ആഴ്‌ച സ്‌ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധനാ റിപ്പോർട് നിർബന്ധമാക്കാനാണ് സാധ്യത. ഇക്കാര്യത്തിലും അടുത്ത ആഴ്‌ച അന്തിമ തീരുമാനം ഉണ്ടാകും.
ആഭ്യന്തര മന്ത്രാലയം സ്‌ഥിതി വിലയിരുത്തുകയാണ്. നിലവിൽ വിമാന സർവീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രികളിൽ ചൊവ്വാഴ്‌ചത്തെ മോക്ക് ഡ്രിൽ കേന്ദ്രം നിരീക്ഷിക്കും. എന്ത്, കോവിഡ് സാഹചര്യങ്ങൾ ഉണ്ടായാലും നേരിടാൻ സജ്‌ജമാണെന്ന് മഹാരാഷ്‌ട്ര, ബംഗാൾ, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. ഉൽസവ സീസൺ, പുതുവൽസര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ രോഗികളെ നിരീക്ഷിക്കണം. രോഗം സ്‌ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണം. ആൾക്കൂട്ടങ്ങൾ അമിതമാകരുത്, മാസ്‌ക് ഉറപ്പാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്‌ഥാന ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. കേന്ദ്രവും സംസ്‌ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാൻ ആകുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണ സംവിധാനം ശക്‌തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
അതിനിടെ, ചൈനയിൽ കോവിഡ് പ്രതിസന്ധി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ ദിവസം കൊണ്ട് 37 ദശലക്ഷത്തിനടുത്ത് ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ കോവിഡ് വ്യാപനമാണ് നിലവിൽ ചൈനയിൽ തുടരുന്നത്. 248 ബില്യൺ ജനങ്ങളിൽ 18 ശതമാനം പേർക്കും ഡിസംബറിലെ ആദ്യ 20 ദിവസത്തിനകത്ത് തന്നെ കോവിഡ് സ്‌ഥിരീകരിച്ചു.
ചൈനീസ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് പെട്ടെന്നുണ്ടായ കോവിഡ് വ്യാപനത്തിന് കാരണമായത്. ബെയ്‌ജിങ്ങിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാൽ ഭാഗം ജനങ്ങളും കോവിഡ് പിടിയിലമർന്നു കഴിഞ്ഞു. നേരത്തെ ചൈന കോവിഡ് കണക്കുകൾ മറച്ചുവെക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.
ലോകാരോഗ്യ സംഘടനക്ക് കോവിഡ് കണക്കുകൾ കൈമാറുന്നില്ല എന്നായിരുന്നു റിപ്പോർട്. എന്നാൽ, ചൈനയും കോവിഡ് സാഹചര്യം അതിരൂക്ഷമായതിനാൽ കണക്കുകൾ നൽകാൻ എടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.
Most Read: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’