തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എംബി രാജേഷ്. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മതനിരപേക്ഷ- ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്നും സ്പീക്കർ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ചു. രാഷ്ട്രീയ- മത വേദികളിലെ സൗമ്യ മുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. നാളെ രാവിലെ 9 മണിക്ക് പാണക്കാട് പള്ളിയിലാണ് ഖബറടക്കം. ഇന്ന് വൈകീട്ട് 5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
Most Read: അന്താരാഷ്ട്ര വനിതാ ദിനാചരണം; സംസ്ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും