ഒമൈക്രോൺ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം

By Desk Reporter, Malabar News
A special plan will be implemented to make hospitals carbon neutral; Veena George
Ajwa Travels

തിരുവനന്തപുരം: ഒമൈക്രോൺ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്‌തിപ്പെടുത്താൻ തീരുമാനം. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം സംഘടിപ്പിക്കും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം. അവബോധം ശക്‌തിപ്പെടുത്തും. ബാക്ക് ടു ബേസിക്‌സ് അടിസ്‌ഥാനമാക്കി മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്‌ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സ്വയം നിരീക്ഷണത്തിലെ വ്യവസ്‌ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്‌ഥലങ്ങള്‍, തിയേറ്ററുകൾ, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.

എറണാകുളത്ത് ഇന്നലെ ഒമൈക്രോൺ സ്‌ഥിരീകരിച്ചയാള്‍ കോങ്കോയില്‍ നിന്നും വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗ നിർദ്ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്‌റ്റോറന്റുകളിലും ഉൾപ്പടെ പോയിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ പ്രതിസന്ധി നേരിടാതിരിക്കാൻ ജില്ലകളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്‌ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിൽസയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്‌തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്‌ജമാക്കിയിട്ടുണ്ട്.

Most Read:  പെഗാസസ്‌ സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെയും, ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയക്കുന്നത് തുടരും. ഒമൈക്രോൺ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയക്കും. ക്‌ളസ്‌റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനക്ക് അയക്കും.

ഡിസംബര്‍ ഒന്നു മുതല്‍ സംസ്‌ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിച്ചു. അതില്‍ 15 പേരാണ് കോവിഡ് പോസിറ്റീവായത്. 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവരുടെയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവ് ആയിട്ടുള്ളവരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനക്ക് അയച്ചത്. ഇതില്‍ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതില്‍ 39 പേര്‍ ഡെല്‍റ്റാ വേരിയന്റ് പോസിറ്റീവും 5 പേര്‍ ഒമൈക്രോൺ പോസിറ്റീവുമാണ്.

എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയ ആള്‍ക്കാണ് ആദ്യം ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ഭാര്യക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയില്‍ നിന്നും വന്ന മറ്റൊരാള്‍ക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൈക്രോൺ സ്‌ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തില്‍ നിന്നുള്ള സമ്പര്‍ക്കം മാത്രമാണുള്ളത്. ഇവര്‍ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്‌തികരമാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്‌ടർ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടർമാര്‍, ഡെപ്യൂട്ടി ഡയറക്‌ടർമാര്‍, ഡിഎംഒമാര്‍, ഡിപിഎംമാര്‍, സര്‍വയലന്‍സ് ഓഫിസർമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Most Read:  ‘വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവം ശ്രമിക്കുന്നു’; പ്രശംസിച്ച് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE