ഡെൽഹി: ചാരപ്രവർത്തനം നടത്തിയതിന് രണ്ട് സൈനിക ഉദ്യോഗസ്‌ഥർ പഞ്ചാബിൽ അറസ്‌റ്റിൽ. പഞ്ചാബ് പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
അമൃത്‌സറിൽ നിന്നുള്ള ഹർപ്രീത് സിംഗ് (23), ഗുർബെജ് സിംഗ് (23) എന്നിവരാണ് അറസ്‌റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഹർപ്രീത് സിംഗ് 2017ലും ഗുർബെജ് സിംഗ് 2015ലുമാണ് ഇന്ത്യൻ ആർമിയുടെ ഭാഗമായത്.
പാക് ചാരസംഘടനയ്‌ക്ക് ഇവർ വിവരങ്ങൾ ചോർത്തി നൽകിയെന്നും സൈന്യത്തെ സംബന്ധിക്കുന്ന നിർണായക രേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തുവെന്നും പഞ്ചാബ് ഡിജിപി ദിങ്കർ ഗുപ്‌ത അറിയിച്ചു.
കഴിഞ്ഞ ദിവസം അതിർത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരിൽ നിന്നും സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൈനികരിലേക്ക് എത്തിയത്.
അതേസമയം ചോദ്യം ചെയ്യലിനിടെ, ലഹരിമരുന്ന് കടത്തിയതിന് അറസ്‌റ്റിലായ രൺവീർ എന്നയാൾ തന്റെ സുഹൃത്തുകൂടിയായ ഹർപ്രീത് സിങ്ങിൽ നിന്നാണ് തനിക്ക് രേഖകൾ ലഭിച്ചതെന്ന് വെളിപ്പെടുത്തിയതായി ഡിജിപി ദിങ്കർ ഗുപ്‌ത അറിയിച്ചു. ഇരുവരും ഒരേ ഗ്രാമത്തിൽ പെട്ടവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി