കാസർഗോഡ്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ സമരം ഒരാഴ്‌ച പിന്നിട്ടു. റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ അനിശ്‌ചിതകാല സത്യാഗ്രഹമാണ് ഒരാഴ്‌ച പിന്നിട്ടിരിക്കുന്നത്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് സമരം ആരംഭിച്ചത്. ഒരാഴ്‌ച മുൻപ് ഏകദിന സത്യാഗ്രഹം നടത്തിയിരുന്നു.
എന്നാൽ, അധികൃതർ ഇത് കണ്ടില്ലെന്ന് നടിച്ചതോടെയാണ് അനിശ്‌ചിതകാല സത്യാഗ്രഹത്തിലേക്ക് പ്രതിഷേധം നീണ്ടത്. കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസിന് ചന്തേരയിൽ സ്‌റ്റോപ് അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കണ്ണൂർ പാസഞ്ചറിന് പകരമാണ് കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസ് സർവീസ് ആരംഭിച്ചത്. കഴിഞ്ഞ മാസം 30ന് ആരംഭിച്ച സർവീസിന് ചന്തേരയിലെ സ്‌റ്റോപ് ഒഴിവാക്കിയിരുന്നു.
അതേസമയം, കോവിഡ് അടച്ചിടലിന് ശേഷം ഇവിടെ ട്രെയിനുകൾ ഒന്നും നിർത്തുന്നില്ലെന്നും പരാതി ഉണ്ട്. ആളില്ലെന്ന കാരണം പറഞ്ഞാണ് ചന്തേരയിൽ സ്‌റ്റോപ് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, പാസഞ്ചർ ട്രെയിനുകൾക്ക് സ്‌റ്റോപ് ഉണ്ടായിരുന്നപ്പോൾ പീലിക്കോട്, പടന്ന, കരിവെള്ളൂർ, പെരളം എന്നിവിടങ്ങളിലെ നൂറുകണക്കിന് യാത്രക്കാരാണ് ചന്തേരയിലെ സ്‌റ്റേഷനെ ആശ്രയിച്ചിരുന്നത്. ട്രെയിനുകൾ നിർത്താതായതോടെ ആളുകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
Most Read: ഇളവുകൾ; കൊച്ചിയിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു