കോഴിക്കോട്: ബീച്ചിലെ കടയിൽ നിന്ന് രാസവസ്‌തു കുടിച്ച രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് ഇവർ രാസവസ്‌തു കുടിച്ചത്. പഠനയാത്രക്ക് എത്തിയതായിരുന്നു ഇവർ.
ഉപ്പിലിട്ടത് കഴിച്ച് എരിവ് തോന്നിയപ്പോൾ അടുത്തുകണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കുട്ടിയുടെ ഛർദിൽ ദേഹത്ത് വീണ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു.
കാസർഗോഡ് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസക്ക് വിധേയമാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോൾ കാസർഗോഡ് ചികിൽസയിൽ കഴിയുകയാണ് കുട്ടികൾ.
മദ്രസ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട് എത്തിയത്. അതേസമയം, ഉപ്പിലിട്ടത് വേഗം പാകമാകാൻ ആസിഡ് അടക്കമുള്ള രാസവസ്‌തുക്കൾ ഉപയോഗിക്കുന്നത് നഗരത്തിൽ വ്യാപകമാണെന്ന പരാതിയുണ്ട്. അധികൃതർ ഒരു രീതിയിലുള്ള പരിശോധനയും നടത്തുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്