കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമില്ലെന്ന് പഠന റിപ്പോർട്

By Staff Reporter, Malabar News
covid-kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പഠനസംഘത്തിന്റെ റിപ്പോർട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധർ സംശയിക്കുന്നതിനിടെ നേരിയ ആശ്വാസം പകരുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിൽ ഉൽഭവിച്ച് മറ്റുരാജ്യങ്ങളിലുൾപ്പടെ വ്യാപിച്ച ഡെൽറ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സിഎസ്ഐആറിന്റെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐജിഐബി) ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

സംസ്‌ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ, പബ്ളിക് ഹെൽത്ത് ആൻഡ് റീജണൽ ലബോറട്ടറീസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് (എംജി സർവകലാശാല), കാസർഗോഡ് കേന്ദ്രസർവകലാശാല, 14 ജില്ലകളിലെയും സർവൈലൻസ് യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സിഎസ്ഐആർ പഠനം നടത്തുന്നത്.

കേരളത്തിലാണ് ഇത്തരം വിശകലനം രാജ്യത്താദ്യം തുടങ്ങിയതെന്ന് പഠനസംഘത്തിലെ ശാസ്‍ത്രജ്‌ഞൻ ഡോ. വിനോദ് സ്‌കറിയ വ്യക്‌തമാക്കി. സംസ്‌ഥാനത്തിപ്പോൾ ഇത്രയും കേസുകൾ കൂടാൻ കാരണം പുതിയ വകഭേദമാകാമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തിലെ ഉയർന്ന രോഗവ്യാപനത്തിന് പിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ സംശയം പ്രകടിപ്പിച്ചിരുന്നു. മഹാമാരിയെ തുടക്കത്തിൽ നന്നായി നേരിടുകയും വാക്‌സിനേഷൻ തീവ്രമാക്കുകയും ചെയ്‌തിട്ടും മറ്റുസംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ കോവിഡ് കുറയാത്തത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെ ആശ്വാസം പകരുന്നതാണ് പുതിയ പഠന റിപ്പോർട്.

ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളിൽനിന്നായി 835 സാംപിളുകൾ പരിശോധിച്ചിരുന്നു. ഇതിൽ 753-ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.

ഈയിടെ പെറു, ചിലി എന്നിവിടങ്ങളിലും (സി.37) യുഎസിലും (എ.വൈ.3) ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

Most Read: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; അവസാനഘട്ട തെളിവെടുപ്പും പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE