ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ടു വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ തയ്യാറായി നിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.
നിലവിൽ സ്‌ഥിതി നിരീക്ഷിക്കുക ആണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷാദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. സുഡാൻ അധികൃതരുമായും ഐക്യരാഷ്‌ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യ മന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്നലെ സൗദി സുഡാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, സുഡാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കുകയാണ് ലോക രാജ്യങ്ങൾ. നയതന്ത്ര ഉദ്യോഗസ്‌ഥരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചതായി ബ്രിട്ടൺ വ്യക്‌തമാക്കി.
സുഡാനുമായുള്ള നയതന്ത്ര ബന്ധവും സുഡാനിലെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിയതായി കാനഡ അറിയിച്ചു. അതിനിടെ, സുഡാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ പൗരൻമാർക്ക് രാജ്യം വിടുന്നതിനും സുരക്ഷിത സ്‌ഥാനം കണ്ടെത്തുന്നതിനും സൗകര്യം ഒരുക്കുമെന്നും ആർഎസ്എഫ് മേധാവി മുഹമ്മദ് ഹംദാൻ ദാഗ്ളോ വ്യക്‌തമാക്കി.
എംബസി ഉദ്യോഗസ്‌ഥരെയും പൗരൻമാരെയും എയർ ലിഫ്റ്റ് ചെയ്‌തതായി യുഎസ് നേരത്തെ അറിയിച്ചിരുന്നു. ഫ്രാൻസ് പൗരൻമാരെയും എംബസി ഉദ്യോഗസ്‌ഥരെയും വഹിച്ചു കൊണ്ടുപോവുകയായിരുന്ന വാഹനവ്യൂഹം അക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. രാജ്യത്തെ റഷ്യൻ പൗരൻമാരെയെല്ലാം എംബസിയിൽ എത്തിച്ചു. ഇവരെ പുറത്തെത്തിക്കുന്നത് എങ്ങനെയെന്നതിൽ തീരുമാനമായില്ല.
ഒഴിപ്പിക്കൽ ദൗത്യത്തിനായി സ്വീഡൻ 400 സൈനികരെ സുഡാനിലേക്ക് അയക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ അടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചിരുന്നു. 157 പേരെയാണ് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചത്. ഇതിൽ 91 പേർ സൗദി പൗരൻമാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ള 66 പേർ.
Most Read: സംസ്‌ഥാനത്ത് താപനില ഉയരും; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്