തിരുവനന്തപുരം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരാനെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ശിക്ഷ നാളെ വിധിക്കും. തടവിൽ പാർപ്പിക്കൽ,അനാശ്യാസം, പെൺകുട്ടികളെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങളാണ് സുരേഷിന്റെ മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം, ബലാൽസംഗ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
1996ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെക്കുകയും വിവിധയാളുകൾ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തു എന്നാണ് കേസ്. 1996 ജൂലൈ 16ന് ഒരു പ്രതിയോടൊപ്പം പെൺകുട്ടിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതോടെയാണു സംഭവങ്ങൾ പുറത്തറിയുന്നത്. ജൂലൈ 23 നൽകിയ മൊഴിയെ തുടർന്നാണ് പീഡന കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
ഇതോടെ ഒളിവിൽ പോയ സുരേഷ് 18 വർഷത്തിന് ശേഷമാണ് കീഴടങ്ങുന്നത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ ഹൈദരാബാദിൽ നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. സംഭവത്തിൽ രജിസ്‌റ്റർ ചെയ്‌ത 24 കേസുകളിലെയും ഒന്നാം പ്രതിയാണ് കൊല്ലം കടക്കൽ സ്വദേശി സുരേഷ്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോൾ ഇയാൾ ഒന്നാം പ്രതി താനാണെന്നു വ്യക്‌തമാക്കി കോടതിയിൽ സ്വയം കീഴടങ്ങുകയായിരുന്നു.
Also Read: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയിൽ