ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ അറസ്‌റ്റ് ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഒമൻഡുരാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ വൻ സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട് മന്ത്രിമാർ ബാലാജിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അതേസമയം, അറസ്‌റ്റിൽ പ്രതിഷേധിച്ചു ഡിഎംകെ രംഗത്തെത്തി. അറസ്‌റ്റ് നിയമവിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ജയലളിത മന്ത്രിയായിരിക്കെ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയയെന്നാണ് കേസ്.
മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിനുള്ളിലും സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലുമടക്കം ആറിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. 2013ൽ അണ്ണാ ഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ ഉൾപ്പടെ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
Most Read: താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്