മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതനുസരിച്ച് 10% കുടിശിക മാര്‍ച്ച് 31 ന് മുന്‍പ് അടക്കണം.
ഭാരതി എയര്‍ടെലിന് 2,600 കോടി രൂപയും വൊഡാഫോണ്‍ ഐഡിയക്ക് 5,000 കോടി രൂപയും മാര്‍ച്ചോടെ അടക്കേണ്ടി വരും. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി 2019 ഡിസംബറില്‍ 40% വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി 2020 ന്റെ ആദ്യ പകുതിയില്‍ 20% വര്‍ധനയാണ് കമ്പനികളുടെ വരുമാനത്തില്‍ ഉണ്ടായത്.
ടെലികോം കമ്പനികളുടെ സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ട തുകയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ ജി ആര്‍). എയര്‍ടെല്‍ 43,989 കോടിയും വൊഡാഫോണ്‍ ഐഡിയ 58,254 കോടിയും ടാറ്റ ടെലി സര്‍വീസസ് 16.798 കോടിയുമാണ് മൊത്ത വരുമാന കുടിശിക (എ ജി ആര്‍) ഇനത്തില്‍ 10 വര്‍ഷത്തിനകം അടച്ചു തീര്‍ക്കേണ്ടത്. കമ്പനികളുടെ ആകെ കുടിശിക 1.19 ലക്ഷം കോടി രൂപയാണ്.