തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന്‍ ബിജു. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. ദൈവത്തോടും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജഡ്‌ജിയോടും നന്ദി പറയുന്നുവെന്നും ബിജു പറഞ്ഞു.
“ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷമെടുത്തത്. നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഈ കേസില്‍ ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സഹകരണം കൊണ്ടാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ദൈവത്തിന്റെ ഇടപെടലുകൊണ്ടാണ് ഇത് നടന്നത്. എത്രയോ തവണ ഫയലുകള്‍ ക്‌ളോസ് ചെയ്‌തു, എന്നിട്ടും ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് കേസ് പരിഗണിക്കപ്പെട്ടു. ഞങ്ങള്‍ക്കൊപ്പം നിന്ന ജനങ്ങള്‍ക്കും മാദ്ധ്യമങ്ങൾക്കും നന്ദി പറയുന്നു. കേസില്‍ അന്തിമ തീരുമാനം വന്നതില്‍ സന്തോഷം തോന്നുന്നു,”- ബിജു പറഞ്ഞു.
28 വർഷം നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് സിസ്‌റ്റർ അഭയ കേസിൽ വിധി വന്നിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് സിസ്‌റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്നും കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
Related News: ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ