തിരുവനന്തപുരം: 28 വർഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ സിസ്‌റ്റർ അഭയക്ക് നീതി. സിസ്‌റ്റർ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സിബിഐ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രസ്‌താവിക്കും.
സിസ്‌റ്റർ അഭയ കൊലക്കേസില്‍ ഡിസംബര്‍ 10നാണ് വിചാരണ പൂര്‍ത്തിയായത്. പ്രത്യേക സിബിഐ കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പറയുന്നത്. സിബിഐക്കുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം നവാസ് ഹാജരായി.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്‌റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് ആദ്യം കേസന്വേഷിച്ചത്. ഇവരുടെ അന്വേഷണത്തില്‍ സിസ്‌റ്ററുടേത് ആത്‌മഹത്യയാണെന്ന് ആയിരുന്നു കണ്ടെത്തല്‍.
ആത്‌മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും 2007ല്‍ പുതിയ അന്വേഷണ സംഘം തുടരന്വേഷണം ആരംഭിക്കുകയും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും ആയിരുന്നു.
കേസില്‍ മോഷ്‌ടാവായിരുന്ന അടക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ടാണ് കേസിൽ വിചാരണ പൂര്‍ത്തിയാക്കിയത്.
Also Read: വാഗമണ്‍ ലഹരിവിരുന്നിൽ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് ലഭിക്കും