ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു ജനങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്‌തത്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുക ആയിരുന്നു ലക്ഷ്യം.
അതേസമയം, രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. 120 പേർക്കാണ് തമിഴ്‌നാട്ടിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഒമൈക്രോണിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഡിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. ടിപിആർ 4 ശതമാനത്തിന് മുകളിലുള്ള സ്‌കൂളുകൾ, അങ്കൻവാടികൾ, ഷോപ്പിംഗ് മാൾ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. പൊതുയോഗങ്ങൾക്കും, റാലികൾക്കും നിരോധനമുണ്ട്. കേരളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതു പരിപാടികൾ, മറ്റ് ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കാനാണ് തീരുമാനം.
Read Also: സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ