ഉദയ്‌പൂർ: ഒൻപത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ചയാകും. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ തന്നെ വരണമെന്നാണ് നേതാക്കൾ അഭിപ്രായം അറിയിച്ചത്.
സംഘടനാപരമായി പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കമാകുന്നത്. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്. ജയറാം രമേശ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മനസിലാക്കാനാണ് ട്രെയിൻ യാത്രയെന്നാണ് കോൺഗ്രസ് പറയുന്നത്.
രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാഹുൽ സ്‌ഥാനമൊഴിഞ്ഞത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് പാർട്ടിയെ നയിക്കാൻ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്.
2013ൽ നടന്ന ചിന്തൻ ശിബിരത്തിലാണ് രാഹുൽ ഗാന്ധി ആദ്യമായി പാർട്ടിയുടെ ഉന്നത സ്‌ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ രാഹുൽ, വൈകാതെ അധ്യക്ഷനുമായി. എന്നാൽ 2014, 2019 തിരഞ്ഞെടുപ്പുകളിൽ പാർട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ഗാന്ധിയാണ് കോണ്ഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടായി തുടരുന്നത്.
Read Also: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ഡെപ്യൂട്ടി സ്‌പീക്കർ