കണ്ണൂർ: ഇന്നലെ ചാലയിൽ മറിഞ്ഞ പാചക വാതക ടാങ്കറിൽ നിന്നുള്ള വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി പൂർത്തിയായത് പുലർച്ചയോടെ. മലപ്പുറം ചേളാരി ഐഒസി പ്ളാന്റിൽ നിന്നെത്തിയ വിദഗ്‌ധ സംഘമാണ് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റിയത്. ടാങ്കറിന്റെ ഒരു അറയിലെ വാതകം രാത്രി ഒൻപതോടെ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയിരുന്നു. വാതകം മുഴുവനായും മാറ്റുന്നതിന് അഞ്ച് ഒഴിഞ്ഞ ടാങ്കറുകളാണ് എത്തിച്ചത്.
അവശേഷിക്കുന്ന മറ്റു രണ്ട് അറകളിലെയും മുഴുവൻ വാതകവും മാറ്റുന്ന പ്രവൃത്തി ഏറെനേരം നീണ്ടു നിന്നു. വാതകം മാറ്റുന്നതിനിടയിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് ചാലയിലും പരിസര പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് പോലീസും അഗ്‌നിശമന സേനയും ഏർപ്പെടുത്തിയത്. അഗ്‌നിശമന സേനയുടെ ഒന്നിൽ കൂടുതൽ യൂണിറ്റുകൾ സ്‌ഥലത്ത് ക്യാംപ് ചെയ്‌തിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ചാലയിലേക്കുള്ള വിവിധ റോഡുകൾ അടച്ച് ഗതാഗതം നിരോധിക്കുകയും ചെയ്‌തിരുന്നു.
ചാല ബൈപ്പാസിൽ വച്ചാണ് ഇന്നലെ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞത്. അമിത വേഗതയിലെത്തിയ ടാങ്കർ ലോറി പെട്ടന്ന് തിരിച്ചതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറിയാണ് അപകടം ഉണ്ടായത്.
Malabar News: ഓക്‌സിജൻ പ്‌ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും