രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു; ഹിമാചൽ വിജയം അതിന്റെ സൂചനയെന്ന് കെ സുധാകരൻ

ബിജെപിയുടെ ആശിർവാദത്തോടെ ആംആദ്‌മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കിയതാണ് ഗുജറാത്തിലെ തോൽവിക്ക് കാരണമായതെന്ന് കെ സുധാകരൻ വ്യക്‌തമാക്കി

By Trainee Reporter, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: ഹിമാചലിലെ കോൺഗ്രസ് വിജയത്തിന് അതിയായ സന്തോഷം ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു എന്നതിന്റെ ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ആശിർവാദത്തോടെ ആംആദ്‌മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കിയതാണ് ഗുജറാത്തിലെ തോൽവിക്ക് കാരണമായതെന്ന് കെ സുധാകരൻ വ്യക്‌തമാക്കി.

ഭരണത്തിന്റെ തണലിൽ ബിജെപി ഉയർത്തിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു ഹിമാചൽ പ്രദേശിൽ തിളക്കമാർന്ന വിജയം നേടിയ സഹപ്രവർത്തകരെ അഭിനന്ദിക്കുന്നു. ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്ന വിജയമാണ് ഹിമാചൽ പ്രാദേശിലേത്.

കോൺഗ്രസ് ഉയർത്തിയ കർഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്‌മ ഉൾപ്പടെയുള്ള ജനകീയ വിഷയങ്ങൾ ഇവിടെ ചർച്ചയായതും കോൺഗ്രസിന്റെ വിജയത്തിന് കാരണമായെന്നും സുധാകരൻ പ്രതികരിച്ചു.

കോൺഗ്രസുമായി നേർക്കുനേർ പോരാടുമ്പോൾ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. അത്തരം നിലപാടുകൾ പ്രോൽസാഹിപ്പിക്കുന്ന ആംആദ്‌മിയെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തിൽ മാത്രം ചുരുങ്ങിയ സിപിഐഎമ്മും സ്വീകരിക്കാറുള്ളത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്‌മ ബിജെപിക്ക് ഗുജറാത്തിൽ ഗുണം ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു.

2011ലെ സെൻസസ് പ്രകാരം 95.17 ശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്‌ഥാനമാണ് ഹിമാചൽ പ്രദേശ്. ഭരണത്തുടർച്ചക്കായി അവിടെ വർഗീയത ആളിക്കത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനായി. മതേതര ജനാധിപത്യ വിശ്വാസികൾ കോൺഗ്രസിൽ അർപ്പിച്ച വിശ്വാസമാണ് എല്ലാതരം വർഗീയതയും പരാജയപ്പെടുത്തി ഹിമാചലിൽ കോൺഗ്രസിന് വിജയിക്കാൻ ആയതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിൽ 40 സീറ്റുകളിൽ ആധിപത്യം നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിൽ ഒതുക്കിയപ്പോൾ ബിജെപി കോട്ടകളിൽ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. രാഹുൽഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്ക സംസ്‌ഥാനമാകെ നടത്തിയ പ്രചാരണവും അഗ്‌നിവീർ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസിന് വിജയ ഘടകമായി. ഒബിസി വോട്ടുകൾ നിർണായകമായ 15 സീറ്റുകൾ ഉള്ള കാംഗ്രയിൽ 10 സീറ്റുകളിൽ കോൺഗ്രസ് ആധിപത്യം നേടി.

Most Read: വിജയം ആഘോഷമാക്കി ബിജെപി; ഹിമാചലിൽ ചെറിയ തോൽവിയെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE