കണ്ണൂർ: സിപിഐഎം 23ആം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ പതാക ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കോൺഗ്രസിന്റെ പതാക ഉയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടക്കം സംസ്‌ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തിയത്. ചെമ്പതാക അധ്വാനിക്കുന്ന വർഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇടത് സർക്കാരിനെതിരെ എല്ലാ വലത് ശക്‌തികളും ഒരുമിച്ച് നിൽക്കുകയാണ്. ഇത് സിപിഐഎമ്മിനോടുള്ള വിരോധമാണ്. ഇവർ നാട്ടിൽ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാർ കേരളത്തിനായി ശബ്‌ദം ഉയർത്തുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനവികാരത്തിനായി നിൽക്കുന്നവർ ശോഷിച്ചു ഇല്ലാതാകുന്നതാണ് കാണാൻ കഴിയുന്നത്. ബിജെപിയുടെ പ്രത്യേയശാസ്‌ത്ര ശത്രു എപിഐഎം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നാളെ രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. നായനാർ അക്കാദമിയിൽ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ 815 പേരാണ് കോൺഗ്രസിൽ പങ്കെടുക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും പ്രതിനിധികളും നേതാക്കളും എത്തി തുടങ്ങി. ഗുജറാത്ത് സംഘം ഇന്നലെ പുലർച്ചയോടെ കണ്ണൂരിലെത്തി. ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് രാവിലെ എത്തി. ഏപ്രിൽ പത്തിന് ജവഹർ സ്‌റ്റേഡിയത്തിലാകും സമാപന സമ്മേളനം നടക്കുക.
Most Read: ‘ആദിവാസി’യെന്ന വിളി ഇനിയില്ല; മനുഷ്യാവകാശ കമ്മീഷനോട് സംസ്‌ഥാന സർക്കാർ