സാവോപോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
ബ്രസീലിനെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ച ഇതിഹാസ നായകനാണ് നമ്മെ വിട്ട് പോയത്. കാൽപ്പന്തു ചരിത്രത്തിൽ സ്വർണ ലിപികളാൽ എഴുതിവെച്ച പേരായിരുന്നു പെലെ. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളിൽ നിർണായക സംഭാവന നൽകി. 1958, 1962,1970 വർഷങ്ങളിലായിരുന്നു ഇത്. 92 മൽസരങ്ങളിൽ 77 ഗോളുകളാണ് ബ്രസീൽ കുപ്പായത്തിൽ പെലെ നേടിയത്.
പതിനഞ്ചാം വയസിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീലിന്റെ ദേശീയ ടീമിലെത്തി. മൂന്ന് ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ ‘നൂറ്റാണ്ടിന്റെ താരമെന്ന’ ബഹുമതി നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെക്ക് സ്വന്തമാണ്. 14 ലോകകപ്പുകളിൽ നിന്നുമായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്.
1940 ഒക്ടോബർ 23ന് സാവോപോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ ആറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്പർ ജഴ്സി എന്നത് പെലെയുടെ മാത്രം ജഴ്സി എന്ന നിലയിലേക്ക് ഗോൾവേട്ട കൊണ്ട് പെലെ എത്തിച്ചു. വിരമിച്ച ശേഷം ഫുട്ബോൾ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവർത്തനം.
നേട്ടങ്ങൾ
ലോകകപ്പ് വിജയം: 1958, 1962,1970
കോപ അമേരിക്ക ടോപ് സ്കോറർ: 1959
ലോകകപ്പ് ആകെ മൽസരങ്ങൾ: 14
ലോകകപ്പ് ഗോൾ: സ്വീഡൻ-1958ൽ 6, ചിലി-1962ൽ 1, ഇംഗള്ണ്ട്- 1966ൽ 1, മെക്സിക്കോ- 1970ൽ 4, ആകെ-12 ഗോളുകൾ
ബഹുമതികൾ
ഫിഫ പ്ളെയർ ഓഫ് ദ സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്: 2004
ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973
ഫിഫ ലോകകപ്പ് മികച്ച കളിക്കാരൻ: 1970
ഫിഫ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958
അതേസമയം, പെലെയുടെ വിയോഗത്തെ തുടർന്ന് ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പേലെയാണെന്ന് അദ്ദേഹം കുറിച്ചു. പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്ന് നിയുക്ത ബ്രസീൽ പ്രസിഡണ്ട് ലുല ഡ സിൽവ പറഞ്ഞു.
”അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടില്ല. പെലെ കളിക്കുക മാത്രമല്ല. മൈതാനത്തു പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. നന്ദി പെലെ”-ലുല കുറിച്ചു.
Most Read: രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം; സുപ്രധാന നടപടി