മലപ്പുറം: ചങ്ങരംകുളത്ത് റേഷന്‍ കടയില്‍നിന്ന് മോഷണം പോയ ഓണക്കിറ്റുകള്‍ രണ്ട് ദിവസത്തിന് ശേഷം തിരികെ കൊണ്ടുവന്നുവെച്ച് മോഷ്‌ടാവ്. ആലംകോട് പഞ്ചായത്തിലെ മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ രണ്ട് കാർഡുകളിലെ കിറ്റുകള്‍ വാങ്ങി പുറത്ത് വെച്ചിരുന്നു. എന്നാല്‍ കിറ്റ് എടുക്കാന്‍ വന്നപ്പോഴേക്കും അത് മോഷണം പോവുകയായിരുന്നു.
പിന്നീട് സംഭവം വാർത്തയാവുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുമെന്ന് പറയുകയും ചെയ്‌തതോടെ മോഷണം പോയ കിറ്റുകള്‍ വെള്ളിയാഴ്‌ച വൈകിട്ടോടെ അതേ സ്‌ഥലത്ത് തന്നെ എത്തിക്കുകയുമായിരുന്നു.
ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി റേഷന്‍ കട ഉടമ പരാതിപ്പെട്ടിട്ടുണ്ട്. വാങ്ങി വെച്ച റേഷന്‍ അരിയും മറ്റും ഉടമകള്‍ വാഹനം എടുക്കാനോ മറ്റോ പുറത്ത് പോയ സമയം നോക്കി മോഷണം പോയെന്ന നിലയിലായിരുന്നു പരാതികള്‍.
അതേസമയം, ഓണക്കിറ്റ് വിവാദമാക്കാൻ ചിലർ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക