എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അജ്‌ഞാതനായ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ഇയാളെ സംവിധായകൻ ബാലചന്ദ്ര കുമാർ തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് സംഘം കാണിച്ച മൂന്ന് ഫോട്ടോകളിൽ നിന്നാണ് ബാലചന്ദ്ര കുമാർ വിഐപിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സ്‌ഥിരീകരിക്കാൻ ശബ്‌ദ സാംപിൾ പരിശോധന കൂടി നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി.
ഇയാളെ അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്‌ത് മുങ്ങിയെന്നാണ് വിവരം. നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകിയതിന്റെ അടുത്ത ദിവസം ഇയാൾ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ പോലീസ് ഏകദേശം സ്‌ഥിരീകരിച്ചിരിക്കുന്നത്.
ഒപ്പം തന്നെ കൂടുതൽ സ്‌ഥിരീകരണത്തിനായി ശബ്‌ദ സാംപിളുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി സ്‌ഥിരീകരിച്ചാൽ പോലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. നിലവിൽ ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്.
Read also: പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ