‘ടേക്ക് ഓഫി’നും ‘സീ യു സൂണി’നും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം ‘മാലിക്കി’ന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. അടുത്ത വര്‍ഷം മെയ് 13ന് പെരുന്നാള്‍ റിലീസായി ‘മാലിക്’ തിയേറ്ററില്‍ എത്തും. ഫഹദ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
ചിത്രത്തിലെ ഫഹദിന്റെ ഇതുവരെ കാണാത്ത മേക്കോവറാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. യുവാവായും അമ്പത്തിയഞ്ചുകാരനായും ചിത്രത്തില്‍ വേഷമിടുന്ന ഫഹദ് 20 കിലോയോളം ഭാരം ‘മാലിക്കി’നായി കുറച്ചിരുന്നു. ഇരുപത് വയസു മുതല്‍ 55 വയസു വരെയുള്ള ഒരാളുടെ ജീവിത പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ തന്റെ ഗെറ്റപ്പും ഫഹദ് പുറത്തു വിട്ടിട്ടുണ്ട്.
ഫഹദിന് പുറമെ ഒരുപിടി മികച്ച താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍, ചന്ദുനാഥ് തുടങ്ങിയവര്‍ മാലിക്കില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്‌ത സംഗീത സംവിധായകന്‍ സുശിന്‍ ശ്യാമാണ് മാലിക്കിന് ഈണം പകരുന്നത്.
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്ക്. 25 കോടിയിലേറെ രൂപയാണ് സിനിമയുടെ ബജറ്റ്. ‘ടേക്ക് ഓഫി’ന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ മൂലം റിലീസ് വൈകുകയായിരുന്നു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രത്തിലും ഫഹദാണ് നായകന്‍. ‘പാട്ടി’ല്‍ നയന്‍താരയാണ് ഫഹദിന്റെ നായികയായി എത്തുന്നതെന്ന വിവരം സംവിധായകന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Read Also: പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി