ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര പട്ടികയിൽ ചന്തേര റെയിൽവേ സ്‌റ്റേഷന്റെ പേരില്ലെന്നാണ് വിവരം.
ഇതിനിടെ റെയിൽവേ 1.5 കോടി രൂപ ചെലവിട്ട് ചന്തേര സ്‌റ്റേഷനിലെ പ്‌ളാറ്റ്ഫോം ഉയർത്തുകയും ദീർഘിപ്പിക്കുകയും ചെയ്‌തിരുന്നു. കോവിഡ് വ്യാപനത്തിന് മുൻപ് കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ ഓടുന്ന 4 പാസഞ്ചർ ട്രെയിനുകൾക്കാണ് ഇവിടെ സ്‌റ്റോപ് ഉണ്ടായിരുന്നത്.
പിലിക്കോട്, പടന്ന, തൃക്കരിപ്പൂർ, കരിവെള്ളൂർ- പെരളം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളാണ് ഇവിടുത്തെ പ്രധാന യാത്രക്കാർ. മംഗളൂരുവിലേക്ക് ചികിൽസക്കായി പോകുന്ന രോഗികൾ, കണ്ണൂർ- കാസർഗോഡ് ഭാഗങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ എന്നിവരും യാത്രക്കായി എത്താറുണ്ട്. എന്നാൽ, ഇപ്പോൾ ട്രെയിനുകൾക്ക് സ്‌റ്റോപ് ഇല്ലാത്തത് ദുരിതമായിരിക്കുകയാണ്.
Also Read: സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി