വെല്ലിംഗ്ടൺ: നാലു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾ എന്തെല്ലാം ചെയ്യും? പല ആവശ്യങ്ങളും നിറവേറ്റും, അല്ലേ? എന്നാൽ ആരെങ്കിലും നാലു ലക്ഷം രൂപ കൊടുത്ത് ഒരു ചെടി വാങ്ങുമോ? വാങ്ങുന്നവരും ഉണ്ട് എന്നാണ് ന്യൂസിലാൻഡിൽ നിന്നുള്ള ഒരു വാർത്ത തെളിയിക്കുന്നത്. വെറും നാല് ഇലകളുള്ള ഒരു സസ്യം വിറ്റുപോയത് 8,150 ന്യൂസിലാൻഡ് ഡോളറിനാണ്, ഇന്ത്യൻ രൂപയിൽ നാലു ലക്ഷത്തിനു മുകളിൽ വരും ഈ തുക. ഫിലോഡെൻഡ്രോൺ മിനിമ എന്നും അറിയപ്പെടുന്ന അപൂർവ്വവും വർണ്ണാഭവുമായ റാഫിഡോഫോറ ടെട്രാസ് പെർമ എന്ന സസ്യമാണ് ഇത്രയധികം തുകക്ക് വിറ്റുപോയത്. ഇതിന്റെ പകുതി ഭാഗം മഞ്ഞയും ബാക്കി പകുതി പച്ചയും നിറത്തിൽ ഉള്ളതാണ്.
ന്യൂസിലാൻഡിലെ ഏറ്റവും വലിയ വ്യാപാര സൈറ്റായ ‘ട്രെയ്ഡ് മി’യിൽ സസ്യം ലേലത്തിൽ വക്കുകയായിരുന്നു. “ഈ ചെടിയിൽ നിലവിൽ 4 ഇലകളുണ്ട്, ഓരോ ഇലയിലും അതിശയകരമായ മഞ്ഞ നിറങ്ങളുണ്ട്!” ചെടിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിൽപ്പനക്കാരൻ ‘ട്രേഡ് മി’യിൽ കുറിച്ചു. ന്യൂസിലാൻഡിൽ ‘ഉഷ്ണമേഖല പറുദീസ’ നിർമ്മിക്കുന്ന മൂന്നംഗ സംഘത്തിലെ ഒരാളാണ് റാഫിഡോഫോറ ടെട്രാസ് പെർമ സ്വന്തമാക്കിയത്.