ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് മൂന്ന് വയസ്‌; ശിക്ഷിക്കപ്പെടാതെ ഘാതകര്‍

By Staff Reporter, Malabar News
national image_malabar news
Gauri Lankesh
Ajwa Travels

അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളുടെ ഇരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും നേര്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ പായിച്ച ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് തന്റെ ജീവിതകാലത്തുടനീളം സ്വീകരിച്ചത്. കൊലപാതകം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

ഒരു സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന് നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ത്തത്. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ആ ശരീരത്തില്‍ തുളച്ചുകയറി. വീടിന് മുന്നില്‍ വെടിയേറ്റ് വീണ ഗൗരി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളായ ഇവര്‍ 2005 ല്‍ പിതാവ് സ്ഥാപിച്ച ‘ലങ്കേഷ് പത്രിക’ എന്ന ടാബ്ലോയിഡ് മാഗസിനില്‍ സജീവമായിരുന്നു. തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെയും ജാതിവ്യവസ്ഥക്കെതിരെയും ഗൗരി തന്റെ തൂലിക പടവാളാക്കി. ശക്തമായ സാമൂഹ്യ വിമര്‍ശനമാണ് ഗൗരി ലങ്കേഷ് തന്റെ എഴുത്തുകളിലൂടെ നടത്തിയത്. കൂടാതെ വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു അവര്‍.

പുരോഗമന സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇന്ത്യന്‍ ജനത മുക്തമാവുന്നതിന് മുന്‍പാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് സമാനമായ രീതിയില്‍ തന്നെയാണ് ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരണമാണ് ഗൗരി ലങ്കേഷ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ നിരന്തരം ഭീഷണികളും ഉയര്‍ന്നിരുന്നു. ഒടുവില്‍ ഗൗരിയുടെ നിലപാടുകളെ ഭയപ്പെട്ട അവര്‍ കല്‍ബുര്‍ഗിയോട് ചെയ്തത് തന്നെ വീണ്ടും ആവര്‍ത്തിച്ചു. ഇരു കൊലപാതകങ്ങളിലും ഇതുവരെയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

സമൂഹത്തില്‍ നിന്ന് വേറിട്ടുകഴിയുന്ന മാവോവാദികള്‍ക്ക് അര്‍ഹമായ പരിഗണനയും പുനരധിവാസവും നല്‍കണമെന്ന ആവശ്യവും ഗൗരി ശക്തമായി ഉന്നയിച്ചിരുന്നു. മാവോവാദികളുമായുള്ള ചര്‍ച്ചക്ക് സര്‍ക്കാരിനുവേണ്ടി മധ്യസ്ഥ വഹിച്ചത് ഇവര്‍ ആയിരുന്നു. പ്രമുഖ മാവോവാദി പ്രവര്‍ത്തക കന്യാകുമാരി ഉള്‍പ്പെടെ മൂന്നുപേരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതും ഗൗരി ലങ്കേഷ് ആയിരുന്നു.

പ്രമുഖ ചലച്ചിത്ര സംവിധായിക കവിത ലങ്കേഷ് ഗൗരിയുടെ സഹോദരിയാണ്. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമുള്ള ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായി ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE