കട്ട ലോക്കലായി മാസ് കാണിച്ച് ടൊവിനോ; ‘മിന്നല്‍ മുരളി’ ടീസര്‍ പുറത്ത്

By Staff Reporter, Malabar News
entertainment image_malabar news
Tovino Thomas
Ajwa Travels

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ടീസര്‍ റിലീസായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

അന്യ ഭാഷ സിനിമയിലേക്കുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ആദ്യ ചുവടുവെപ്പുകൂടിയായ ‘മിന്നല്‍ മുരളി’ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുക. 80 ശതമാനത്തിലധികം കഴിഞ്ഞ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരിക്കാനിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഓണത്തിന് സിനിമ തീയേറ്ററില്‍ ഇറക്കണം എന്നു കരുതിയെങ്കിലും അത് നടന്നില്ല എന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് ടീസര്‍ പങ്കുവെച്ചുകൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയോടെയാണ് സംവിധായകന്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലോകപ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിമംബര്‍ഗാണ് ‘മിന്നല്‍ മുരളി’യുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നീ സിനിമകള്‍ക്ക് സംഘട്ടനമൊരുക്കിയ വ്‌ലാഡ് റിമംബര്‍ഗിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ടൊവിനോ ആരാധകര്‍.

സിനിമയുടെ ചിത്രീകരണത്തിനായി മണപ്പുറത്ത് ഒരുക്കിയിരുന്ന സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE