ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി രൂപയ്‌ക്ക്

By Staff Reporter, Malabar News
double-eagled

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം യുഎസിലെ പഴക്കമേറിയതും അപൂർവവുമായ ഒരു സ്വർണ നാണയം ലേലത്തിൽ വച്ചു, പക്ഷേ ആളുകൾ അതിന് വലിയ പ്രധാന്യം ഒന്നും നൽകിയിരുന്നില്ല. 20 ഡോളർ അഥവാ 1,400 രൂപയായിരുന്നു നാണയത്തിന്റെ അടിസ്‌ഥാന മൂല്യമായി കണക്കാക്കിയത്. എന്നാൽ ലേലം അവസാനിച്ച് വിലവിവരം പുറത്തുവിട്ടതോടെ ആളുകൾ അൽഭുതപ്പെട്ടുപോയി. 138 കോടി രൂപയ്‌ക്കാണ്‌ (18.9 മില്യൺ യുഎസ് ഡോളർ) സ്വർണ നാണയം വിറ്റത് !!

ഷൂ ഡിസൈനറായ സ്‌റ്റുവർട്ട് വൈറ്റ്‌സ്‌മാന്റെ പക്കലുണ്ടായിരുന്ന നാണയം ലേല കമ്പനിയായ സോതെബിയാണ് വൻ തുകയ്‌ക്ക് വിറ്റത്. ന്യൂയോർക്ക് സിറ്റിയിൽ വച്ചായിരുന്നു ലേലം. 1933ൽ പുറത്തിറക്കിയ ഈ നാണയത്തിന് ഒട്ടനവധി സവിശേഷതകളുണ്ട്. യുഎസ് പ്രസിഡണ്ട് തിയോഡോർ റൂസ്‌വെൽറ്റിന്റെ നിർദ്ദേശ പ്രകാരം പ്രശസ്‌ത ശിൽപിയായ അഗസ്‌റ്റസ് സെന്റ്-ഗൗഡൻസ് ആണ് നാണയം രൂപകൽപ്പന ചെയ്‌തത്.

നാണയത്തിന്റെ ഒരു വശത്ത് ലിബർട്ടിയുടെയും മറുവശത്ത് അമേരിക്കൻ കഴുകകൻമാരുടെയും ചിത്രങ്ങളാണ് ഉള്ളത്. യു‌എസിലുടനീളം പ്രചരിക്കണമെന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ നാണയം പ്രസിഡണ്ട് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് അധികാരത്തിലേറിയ ശേഷം പൊതുജനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. പിന്നീട് ഇതിന് സമാനമായ നാണയങ്ങളും, മറ്റ് വസ്‌തുക്കളും നശിപ്പിക്കപ്പെട്ടെങ്കിലും ഈ നാണയം മാത്രം ബാക്കിയായി.

ഒരുപാട് കാലം ഈ നാണയം ഈജിപ്‌തിലെ ഫറൂക്ക് രാജാവിന്റെ പക്കലായിരുന്നു. പിന്നീട് രഹസ്യ ഏജൻസി മുഖേനയുള്ള സ്‌റ്റിങ് ഓപ്പറേഷനിലൂടെ ന്യൂയോർക്കിലെ വാൾഡോർഫ് അസ്‌റ്റോറിയ നാണയം പിടിച്ചെടുത്തു.

അഞ്ചുവർഷത്തെ നിയമ പോരാട്ടത്തിനുശേഷം ഈ നാണയം സ്വകാര്യ വ്യക്‌തികൾക്ക് കൈവശം വയ്‌ക്കാമെന്ന് സർക്കാർ ഉത്തരവിട്ടു. 2002ലാണ് സ്‌റ്റുവർട്ട് വൈറ്റ്‌സ്‌മാൻ ഈ നാണയം സ്വന്തമാക്കിയത്. അതേസമയം നാണയം വാങ്ങിയത് ആരാണെന്ന വിവരം കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Read Also: ഷെയിന്‍ നിഗം–വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ

YOU MAY LIKE